2010, ജൂലൈ 29, വ്യാഴാഴ്‌ച

നേര്‍വഴി

നേര്‍വഴി നടക്കുവാന്‍
നേരവും നോക്കിഞാന്‍
നേരിനെ വിട്ടെന്നും
യാത്രയായി... !

കബന്ധങ്ങള്‍

നരജന്മത്തിന്‍റെ
നാനാര്‍ഥങ്ങള്‍
പരതുമ്പോഴാണ്‌
ശരീരത്തിന്‍റെ
വിപരീത സാധ്യതകളെക്കുറിച്ചു
ചികഞ്ഞത്.
തല കയ്യായും
കൈ തലയായും
പാദങ്ങള്‍
ഇതരാംഗങ്ങളായുമൊക്കെ
ചേര്‍ത്തു വെക്കുമ്പോഴേ
ജനിതകോര്‍ജ്ജം
പരിപാലിക്കപ്പെടൂ
എന്ന വെളിപാടുണ്ടായതും
തുടര്‍ന്ന്
കബന്ധങ്ങളുടെ
ജീവപഥം
തുറക്കാനായതും.
അമീബ
ഏകകോശ ജീവിയായിരിക്കും
കാലത്തോളം
അംഗപ്രത്യംഗം
ചേതന മുറ്റുമെന്നുറപ്പ്.
എന്തെന്നാല്‍
രാസമാറ്റം
ആത്യന്തികമായി
തലച്ചോറിനെയാണ്
ബാധിക്കുക
എന്ന തിരിച്ചറിവ്.

ശക്തി

സത്യം പറഞ്ഞിടാന്‍
ശക്തിക്കു കേണുഞാന്‍
സത്യമേ ചൊല്ലാതെ
ശക്തനായ് തീര്‍ന്നുപോയ്...!

2010, ജൂലൈ 28, ബുധനാഴ്‌ച

2010, ജൂലൈ 23, വെള്ളിയാഴ്‌ച

പുസ്തകം

ഒരിക്കല്‍
ഷെല്‍ഫിലെ
പുസ്തകക്കൂട്ടത്തില്‍
നിന്നൊരാള്‍
ചോദിച്ചു,
എന്നെ വായിക്കാത്തതെന്ത്... ?
കൌതുകം വായനയില്‍
മരവിച്ച നേരത്ത്
പുസ്തകത്തിന്
എന്‍റെ രൂപം...!
തുറിച്ച കണ്ണും
തുരുമ്പിച്ച
ദേഹവുമായങ്ങനെ...

ചാന്ത്

പെരുമാറ്റസൂത്രങ്ങളിലേറ്റവും
കേമം
ധന്യനായിരിയ്ക്കുക
എന്നതത്രേ..
'ധന്യ'നെ ധനികനെന്നേ
പറയൂ..
ഒരു നല്ല സമ്പന്നനേ
നല്ല സ്നേഹം
വാങ്ങാന്‍ കിട്ടൂ...
പണയവസ്തുക്കളുടെ
വൈവിധ്യമാര്‍ന്ന
നിരകളുച്ചത്തിലാര്‍ത്തു
വിളിയ്ക്കും-
നല്ലയാള്‍,
നല്ലമനുഷ്യന്‍..
സ്നേഹം വിറ്റാല്‍
പോകാത്ത കാലത്ത്
ചോര വില്‍ക്കാം
നമുക്ക്...
ചാന്തിനെങ്കിലും
പറ്റുമത്... !

കാണാതെ

കാണാതിരിയ്ക്കുമ്പോ,
ളൊരു കണിയായ്,
കനവൂറും കനിയായ്
തൊട്ടുണര്‍ത്തുമൊരു
സ്പര്‍ശമാ-
യുള്ളുകോരും
നോവേറെ നിറയും
പുളകമായൊടുവി-
ലനൃമായകലു-
മതേ പ്രണയം,
പ്രണയകാലം...!

2010, ജൂലൈ 18, ഞായറാഴ്‌ച

നേട്ടം

എന്‍റെ നഷ്ടങ്ങളിലെ
ലാഭമത്രയും
അബദ്ധ ചിന്തകള്‍
പണയം
വെച്ചു നേടിയതത്രേ ...!

കുട

അറിയുന്നു ഞാനെന്നെ

ഒന്നുമറിയാത്തവന്‍

അര്‍ദ്ധരാത്രി കുടപിടിക്കുന്നോന്‍

സര്‍വ്വജ്ഞപീഠം കയറിയോന്‍.. !

2010, ജൂലൈ 13, ചൊവ്വാഴ്ച

ആര്‍ജവം

പുതുകവിയുടെ
രചനകള്‍ക്കൊന്നും
ആര്‍ജവോര്‍ജങ്ങളില്ലെന്നും
ചൂടും ചൂരും
തുടികൊട്ടിപ്പാടാനായോരീണം
പോലുമില്ലെന്നും
'ഇന്ദ്രന്‍' കൃഷ്ണനോടോതി.
പുഴപോല്‍ ഉരുകിയൊലിച്ച
മഴനീരില്‍ കിടന്നു
ശിവനെ സ്ഫുടം ചെയ്യുന്ന
കാഴ്ച കണ്ടു
അന്തിച്ചിരുന്നത്രേ
കൃഷ്ണന്‍ ... !
(ഒരു സുഹൃത്ത് ഒരു രചനയെ വിസ്തരിച്ചപ്പോള്‍..)

2010, ജൂലൈ 12, തിങ്കളാഴ്‌ച

ഭേദം

തണലാവുന്നതിലും ഭേദം
ഇപ്പോള്‍ നിഴലാവുന്നതാണ്..
വിളക്കുതിരിയായി
എരിഞ്ഞു തീരുമ്പോഴേ
വെളിച്ചത്തിനൊരു
മുഖമുണ്ടാവൂ...
കൈവിട്ടമോഹംപോലെ
കൈവരാത്ത ഭാഗ്യംപോലെ
വറ്റിത്തീരാനാവൂ...

പ്രളയം

എല്ലാ പ്രണയങ്ങള്‍ക്കും അങ്ങേപ്പുറത്ത്
ഒരു പ്രളയമുണ്ട്.
വിങ്ങല്‍ ഒരു കൊടുംകാറ്റായി
തീമഴ പെയ്യിക്കുംപോഴും
കനിവുകള്‍ ബലിക്കാക്ക
കൊത്തിയെറിയുംപോഴും
നഷ്ടം പെരുകിപ്പെരുകി
ഒടുവില്‍
അവനവന്‍ കടമ്പയിലെത്തുമ്പോള്‍
വറ്റാനരുതാത്ത
സംശയ മേഘങ്ങളില്‍
കനം വെച്ച വെറുപ്പിന്റെ
കൊടുംപ്രളയം
വന്നേതീരൂ...

സുഖം

അടിമയാവുന്നതിന്‍റെ
സ്വസ്ഥത ഒന്ന് വേറെ.
പകല്‍ രാത്രിയെന്നും
രാവ് പകലെന്നും
തട്ടിവിട്ടാല്‍ മതി.
എല്ലാ ശകാരങ്ങളും
ഏറ്റുവാങ്ങി
പ്രകീര്‍ത്തനങ്ങള്‍
ചൊരിഞ്ഞാല്‍ മതി.
സര്‍വ പീഡനങ്ങളും
സഹിച്ച്ച്
ഇഷ്ടലാളനകളുടെ
പെരുമഴയുതിര്‍ത്താല്‍
മതി.
കാരണം,
ശവമായിരിക്കുന്നതിന്റെ
സുഖം വാക്കുകള്‍ക്കും
അപ്പുറത്താണ്...

യാത്ര

തുടങ്ങുന്നിടത്താണൊടുക്ക-
മതിനാല്‍
യാത്രയേ മാറ്റിവെച്ചു ഞാന്‍...!