2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

പേടി

ഓരോ ഓണക്കാലം കഴിയുമ്പോഴും
എനിക്കു പേടി കൂടിവരാറുണ്ട്
ആയുസ്സെത്തുന്നതിന്‍റെ വെപ്രാളം
ജരാനര ബാധിക്കുന്നതിന്‍റെ വിമ്മിഷ്ടം
എങ്കിലും അടുത്തോണംവരെചെയ്യാനുള്ള
പാപങ്ങള്‍ ഞാന്‍ പെരുക്കിവെക്കാറുണ്ട്
മുറ തെറ്റാതെ..

2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

മാനം

മാനമെന്‍ കവചമെ -
ന്നോര്‍ത്തോര്‍ത്തൊരാള്‍
മനമുരുകി -
പ്പിടഞ്ഞടിതെറ്റി
തറപറ്റി
കിടക്കുന്നിതാ...

ചൊല്ല്

ചൊല്ലിപ്പഠിച്ചും
ചൊല്ലിപ്പറഞ്ഞുമെന്‍
ചൊല്ലുകളത്രയും
പല്ലുതിന്നു...

ആയുസ്സ്

ഓരോ ദിനാദ്യങ്ങളും
ഓരോ ആയുര്‍സ്പര്‍ശമാണ്.
അക്കാരണം കൊണ്ടുതന്നെ
മരണവഴിയുടെ ദൂരം
കുറഞ്ഞുകൊണ്ടേയിരിക്കുന്നു...

കറുപ്പ്

എന്‍റെ താടിയിലെ
നരച്ച രോമങ്ങള്‍
ഞാന്‍ കാണാറില്ല.
മറിച്ച്
കറുത്ത നാരുകളുടെ
കണക്കെടുക്കാറുണ്ട്താനും.
ഒടുവില്‍
നര മാറാനായി
മുഖമാകെ
കറുപ്പിച്ചുകൊണ്ടേയിരുന്നു, ഞാന്‍..!

2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

ഭാസ്കരേട്ടന്‍റെ കട

പലവട്ടം
കഴുകിയ
വലിയ കുപ്പിഗ്ലാസ്സില്‍
പകര്‍ന്നുതന്ന
മധുരനീരില്‍
നാരങ്ങ പിഴിഞ്ഞ്
ദിവ്യൌഷധം പോലെ
നുകരുമ്പോള്‍
ആ കുളിരൊഴുക്ക്
അകം
തണുപ്പിച്ച
നിമിഷമോര്‍ത്തു -
പരശ്ശതം പേരെ
*അമൃതൂട്ടിയ
ആ പെരുവിരലിനൊപ്പം
തേയുന്നത്
ഒരു
ജീവിതവും
ജാതകവും
കൈപുണ്യത്തിന്റെ
നറുവീര്യവുമൊക്കെയായിരുന്നു
ഒപ്പം, കോഴിക്കോടന്‍ പെരുമയുടെ
ചീന്തോലയും...

-------------------------------------------------------------------------------------------------
*കോഴിക്കോടിനു ഭാസ്കരേട്ടന്റെ സര്‍ബത്തിന്റെ രുചിയുണ്ടായിരുന്നു, ഒരു കാലത്ത്.
ഓവര്‍ബ്രിഡ്ജിനു താഴെ, നിരനിരയായി, ഒത്തിരിപ്പെരുണ്ടാവും,
ആ കടക്കുമുമ്പില്‍ എപ്പൊഴും.
ഇപ്പോള്‍ മക്കളാണ് ...അതേ 'രുചിയോടെ'..

മുറ്റം

'മുറ്റമെവിടെ,'
മുറ്റി നില്‍ക്കുന്നുണ്ടാ ചോദ്യം,
ഉണ്ണിയൊരു പുസ്തകത്താളിലെ
ചിത്രവും പിടിച്ചെന്‍
മുന്നിലായെത്തവേ
ഓര്‍ത്തുഞാന്‍,
കൂറ്റന്‍ വീടാനെനിക്കു
പലനിലകള്‍
നിരകളിലടുക്കി
അംബരം മുട്ടുമങ്ങനെ..
എങ്കിലും,
ഇത്തിരി മുറ്റമുമുണ്ടായിരുന്നെങ്കില്‍!
കളിച്ചിടാമവനു
*കക്കെങ്കിലും
വളര്‍ത്താമൊരു
ചെടിത്തുമ്പെങ്കിലും
നനഞ്ഞിടാം
പുതുമഴ മണ്ണില്‍
പതിക്കും മണമങ്ങനെ..
ഉത്തരമോതി ഞാന്‍
ഏറെ പാടാണൊരു
മുറ്റം തൂത്തിടാന്‍
ചെടികീടങ്ങ
ളകറ്റി, ചളിയില്ലാത്തളമാക്കിടാനുണ്ണി..
നമുക്കിപ്പോഴീ
തട്ടിന്‍ പുറത്തു കളിക്കാ
മതു, മുറ്റമാക്കിടാം
എല്ലാം മറക്കാം..
നിശയിലാകാശം
നോക്കി
നിലാവ് നുകര്‍ന്നു
നക്ഷത്രമെണ്ണാം
ഇപ്പൊഴീ
പുസ്തക
ച്ചിത്രത്തി
ലങ്കണ
ത്തൈമാവു
കണ്ടിരിക്കാം.....!*ഒരു കളി - പണ്ടു മുറ്റത്ത് 'കക്കു'കളിക്കും , കുട്ടികള്‍.

2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

വീണു പോകുന്ന വാക്കുകള്‍

മറക്കാന്‍ പാടില്ലാത്ത
തത്വമാണ് വാക്ക്.
വായില്‍ നിന്നായാലും
കയ്യില്‍ നിന്നായാലും
തെറിച്ച്ചുവീഴുമ്പോള്‍
അതീവ ശ്രദ്ധ വേണമതിന് ..
മൂര്‍ച്ചയും തീര്‍ച്ചയും
പോലെ തന്നെ
ചേര്‍ച്ചയും ചോര്‍ച്ചയും
വാക്കിന്‍റെ സ്വന്തം.
അതിനാല്‍
വായിലെ വാക്ക്
മൂക്കിലൂടെയും
കയ്യിലെ വാക്ക്
എഴുതിയ കടലാസ്സോടെയും
മടക്കിയെടുത്തു
പരിഹാരം കാണണം.
പോയ വാക്കും
തേഞ്ഞ നാക്കും
മടങ്ങിവന്നാല്‍
ഊക്കുണ്ടാവില്ല
ജീവിതത്തിന്...