2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

നീരുവറ്റും നേരം

നീരുവലിഞ്ഞൊരു
തൊണ്ടായുണങ്ങി
പ്പൊടിയും നേരത്തു-
മുണ്ടുള്ളിലൊരാശ:
ഒരുവട്ടംകൂടി
ഒരു ഇളനീരായെങ്കില്‍...!

2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

മലയാളത്തിന്റെ സൌമ്യ സാന്നിധ്യത്തിന് അമ്പതാണ്ട്‌ തികയുമ്പോള്‍
വിശാലമായ നീലാകാശത്തിനു സീമ നിര്‍ണ്ണയിക്കുക വയ്യ.
ശുഭ്ര പ്രകാരത്തെളിമയുടെ നെറുക
എവിടെയാണെന്ന് തീര്‍ച്ചപ്പെടുത്തുക വയ്യ.

സന്ധ്യാംബരത്തിന്റെ ശോണാഭ കണ്ടു മതിഭ്രമം വരുമ്പോള്‍
നിശയുടെ വ്യാപ്തി വരച്ചെടുക്കാനും വയ്യ.

ഒരാളുടെ ജീവിതം ഒരവസ്ഥയുടേതായി ചുരുങ്ങിക്കൂടാത്ത കാലത്ത്
ഒരുപാട് പേരുടെയും ഒരുപാട് അവസ്ഥകളുടേയും

പ്രോജ്വലമുഖം
സല്ക്കര്‍മ്മത്തിലധിഷ്ടിതമായ
ശുദ്ധ സംസ്കാരം കൊണ്ട് സാധിച്ചെടുക്കുക എന്നത്
പ്രയാസകരമാണ്.

മലയാളത്തിനു ബോധിച്ച സാഹിത്യശുദ്ധിയാണ്
ശ്രമകരമായ കര്മസാക്ഷ്യത്തിന്റെ പ്രതീകമാണ്
ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന എഴുത്തുകാരന്‍.

കവി , പ്രഭാഷകന്‍, ഗവേഷകന്‍, കഥാകൃത്ത്‌, ലേഖകന്‍ തുടങ്ങി
എന്തെന്തു മേഖലകളിലാണ് ഈ കലാസ്നേഹി
മൂന്നു പതിറ്റാണ്ടിലേറെയായി
തന്റെ സൌമ്യപ്രകൃതം പങ്കുവെച്ചു പോരുന്നത്.

രണ്ടക്ഷരം കുറിക്കുമ്പോഴേക്ക്
സ്വയം വിവാദംപടര്‍ത്തി
വിശ്വപീഠം ചമയ്ക്കുന്ന ധിക്കാരസാന്നിധ്യങ്ങളുടെയിടയില്‍

പരസഹസ്രം മാറ്റുള്ള
അക്ഷരശുദ്ധിയുടെ

നിറപ്രസരണവുമായി
മലയാള സാഹിത്യത്തിലെ
എളിമയുടെ ഈ സുകുമാരപ്രതിഭയ്ക്ക്
അമ്പതാണ്ട്‌
പൂര്‍ത്തിയാവുകയാണ് ഇക്കൊല്ലം.
സംഗീതത്തിലും കാവ്യാലാപനത്തിലും
റെതിളക്കമുള്ള ലീലാകൃഷ്ണന്റെ
പ്രഭാഷണശൈലി ഒരിക്കല്‍ കേട്ടാല്‍
പ്രസംഗം തീരാതെ എഴുന്നേല്ക്കാനാവില്ല ആര്‍ക്കും.
അത്രക്കു പ്രിയതരമാണത്.
അത്രക്കു ഗഹനമാണത്.
അത്രതന്നെ ഗ്രാഹ്യവുമാണത്.
ഏതു വിഷയത്തിന്റെ പൂര്‍ണ്ണദര്‍ശനവും സാധിച്ചെടുക്കുന്ന
ലളിത ഭാവ പ്രകടനമാണ്
ആരിലും കൌതുകമുണര്‍ത്തുന്ന
ആ മാന്ത്രിക വന്ഗ്മയത്വം.
ഒരക്ഷരം വായിക്കുമ്പോള്‍
വായിച്ചെടുക്കുന്നത് ഒരു സംസ്കാരമാണ്.
എഴുത്തിന്റെ വിസ്തൃതി വൈവിധ്യമാര്‍ന്നതാണ്.
എന്നാല്‍ ദര്‍ശനസാധ്യമായ ദീപ്താശയങ്ങളെ
സര്‍ഗാത്മക സംവാദമാക്കി മാറ്റാന്‍ കഴിയുന്ന
അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഈ സാഹിത്യകാരന്‍.
ഇത് മലയാളത്തിന്റെ വര്‍ത്തമാനകാല ഭാഗ്യം തന്നെ.
ഈ സുകൃതത്തിനു
അമ്പത് തികയുമ്പോള്‍
അത് ഉത്തരോത്തരം
നക്ഷത്ര ശോഭയാല്‍
മലയാള സാഹിത്യകാശത്ത്‌
ഒരു ജ്വാലയായ്
ഒരുപാടു കാലം നിറഞ്ഞു നില്‍ക്കാന്‍
ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കയാണ് ഞാന്‍.

കൈവരികള്‍ തകരുമ്പോള്‍

ഇരുട്ട് മൂടിയ വഴികളില്‍
നിലാവ് ഉതിര്‍ന്നു വീഴുന്ന വിശേഷമാണ്
സൌഹൃദമെന്നു താങ്കള്‍.
ആപേക്ഷികമായെങ്കിലും
ഒരു ബന്ധം
കിനാവിന്റെ പൊരുളായി മാറിയതും
പിന്നീടെപ്പോഴോ സമൃതിപഥത്തില്‍
ഒരു നാവേറ് പോലെ
വള്ളുവനാടന്‍ വിരുന്നിന്റെ
നേര്‍ ച്ചേദമായതും
അനുഷക്തമായ വിയോജിപ്പിന്റെ
സ്പന്ദനം.
എന്നെ സദാ പുറകോട്ടു വലിച്ചത്
ഔചിത്യ ബോധത്തിന്റെ പഴയ
കണക്കുപുസ്തകത്തില്‍
ഒരു പിലാത്തോസിനും
വഴിമാറിക്കൊടുക്കാത്ത
താങ്കളുടെ ധാര്‍ഷ്ട്യം.
അതിനെ ധീരമെന്നുച്ചരിക്കാന്‍
പോലും
ഞാന്‍ മറന്നത് അതിശയം കൊണ്ട്.
വിഭജനത്തിന്റെ വേദം
സ്നേഹം മുറിച്ചുമാറ്റലാണെന്ന്
കടല്‍ കടന്നെത്തിയവര്‍
പണ്ടേ മൊഴിഞ്ഞു.
കൂട്ടുകാരാ,
താങ്കള്‍ എനിക്ക് പ്രിയപ്പെടുന്ന
ബിന്ദു ഇതാണ്.
ഇപ്പോള്‍ എനിക്ക്
ഒറ്റുകാരന്റെ മുഖമില്ല.
ഹൃദയത്തില്‍ ഈശ്വരന്‍
മറന്നു വെച്ച ഇഷ്ടം മാത്രം.
ഒരു രഹസ്യം കൂടി-
എന്നില്‍ ഒരു പിന്തിരിപ്പനുണ്ട്.
വിപ്ലവം ചര്‍ദ്ദിച്ചു നടന്ന
പഴയ നാളുകളില്‍
ഉടമയും അടിമയും ഭാഗം വെച്ചു
പിരിഞ്ഞ അനിവാര്യതയില്‍
ഒരാത്മഹത്യാക്കുറിപ്പ്‌ എഴുതിവെച്ചിരുന്നു ഞാന്‍.
അതിനാല്‍ ഒരു വേള
താങ്കള്ക്കിനിയും
ഒരു ശവദാഹത്തിനു കൂടി
സാക്ഷിയാവാം.
സമാധാനിക്കുക,
ചിന്ത ഇപ്പോഴും
ഒരു പണയ വസ്തുവാണ്.

(എന്റെ പ്രഥമ കവിതാസമാഹാരത്തില്‍നിന്ന് )

2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

ആവര്‍ത്തനം

ഭയമായിരുന്നന്നച്ഛനെ,
എന്നാല്‍
ഇന്നച്ഛനു ഭയമാണീ പുത്രനെ!
പൊറുക്കാതിരിക്കണമീ
താതനെ,
ഈ കാലമൊഴുകു,
മൊരുമാതിരി.
മറക്കാതിരിക്കണം
മകനേ, നീ.
നിന്നെ
പേടിച്ചിടും നിന്നോമന.
പിന്നവന്‍
നിനക്കൊരു പേടിയായ് മാറിടും-
നേരത്തറിയണം
അതിന്‍ വ്യഥ.
അകം നീറിപ്പിടയും കഥ.
പൊറുക്കട്ടെ ഈശ്വരന്‍,
അല്ലേ, എന്നുണ്ണീ..!

കാഴ്ച മങ്ങും നേരം

ചാവിന്നു മുമ്പൊന്നു കണ്‍നോക്കിടാത്തോരാള്‍
*കണ്നോക്ക് കാണുവാന്‍ വന്നിതാദ്യം.
അന്ത്യംവരേക്ക്മൊന്നുമേ ചെയ്യാതെ
മരിപ്പതു കാണുവാന്‍ വയ്യോരാള്‍ക്ക്.
ഒഴിവൊട്ടുമില്ലാത്തോരാള്‍വന്നു ചൊല്ലി
ശേഷക്രിയ,യത് കേമമാക്ക.
ഓര്‍ത്തുപോയ് ഈയാളാ പാവമാം തള്ളയെ
വയ്യാത്ത കാലത്ത് വിസ്മരിച്ചോന്‍.
കടമകള്‍ ചെയ്യേണ്ട കാലത്തിലൊന്നും
കണ്മഷിയിട്ടാലും കണ്ടിടാത്തോന്‍ .
ഇങ്ങനെ ഈ വിധം കാണ്മുനാം ചുറ്റിലും
ഇവിടന്നു പോകുന്ന നാള്‍ വരേയ്ക്കും...!


*മരണാനന്തരം ദു:ഖം കാണാന്‍ പോവുന്ന ഒരു നാട്ടാചാരമുണ്ട്.