2010, നവംബർ 26, വെള്ളിയാഴ്‌ച

നശിച്ച നരിക്കണ്ണുകള്‍

ഇളം കുരുന്നായപ്പോള്‍
കരപ്പന്‍ വന്നു
ചലനമില്ലാതെ
ഇലവാട്ടിക്കിടത്തിയ നേരത്ത്
കാളിത്തള്ള പറഞ്ഞു:
ഔ..ഇതിന്റെ കണ്ണ്‌..!
ഇലക്കോണകമുടുപ്പിച്ചു
മൂപ്പുവരും നേരത്ത്
വല്യമ്മ:
ന്നാ..കുഞ്ഞിമാളൂന്റെ കുട്ടീടെ
കണ്ണ്ച്ചാലും പോരാട്ടോ..!
സ്കൂളിലെ കൂട്ടുകാര്‍ കളിചൊല്ലിപ്പറയും:
എന്താ നിന്റെ കണ്ണുകള്!
വളര്ന്നകാലം
വഴിയിലും വരമ്പിലും
അങ്ങാടിയിലും
മൊഴികള്‍:
എന്താ ഇയാളുടെ തുറിച്ച നോട്ടം!
സ്നേഹിച്ചവരും
കൂടെയുള്ളവരും
കുറ്റം ചൊല്ലി:
ഈ കണ്ണ്‌ കുത്തിപ്പൊട്ടിക്കണം.
നശിച്ച നരിക്കണ്ണുകള്‍!
വേനലും വര്‍ഷവും
ഏറെ കഴിഞ്ഞ നേരത്ത്
കണ്ണുകള്‍ക്ക്‌ തണലില്ലാക്കാലമായപ്പോള്‍
മങ്ങിയ കഴ്ചവെട്ടത്തില്‍
ഞാനും ചേര്‍ത്തുചൊല്ലി :
എന്റെ ഈ നശിച്ച നരിക്കണ്ണുകള്‍ ..!

2010, നവംബർ 20, ശനിയാഴ്‌ച

ശാന്തമായിരിക്കുവാന്‍

ഒരു കാരണവുമില്ലാതൊരാള്‍
വന്നെന്നോടു
കയര്‍ക്കുന്നു
കുതിക്കുന്നു
കുരയ്ക്കുന്നു
കരണത്തടിക്കാനായ്
കൈയ്യുയര്‍ത്തുന്നു
കാര്‍ക്കിച്ചു തുപ്പുന്നു
പാവമാമീ ഞാനയാളെ
കൊല്ലാതെന്തുചെയ്തിടാ -
നൊന്നു ശാന്തമായ്
സ്വസ്ഥമായിരിക്കുവാന്‍!

2010, നവംബർ 18, വ്യാഴാഴ്‌ച

തീര്‍ന്നുപോകുന്ന എഡിഷനുകള്‍

ഏറെ ബഹുമാന്യനാണ് ആള്‍.
കൌതുകത്തോടെ,
ഒട്ട് അമ്പരപ്പോടെ
എഴുത്തുകാരനോട്‌ ചോദിച്ചു:
സാറിന്റെ പുസ്തകങ്ങള്‍
ഒന്ന് വായിക്കാന്‍ തരുമോ?
'തീര്‍ന്നു ...
പുതിയ എഡിഷനും തീരുന്ന
മട്ടാണ്..'
നഗരത്തിലെ പുസ്തകശാലയില്‍
നിരാശയോടെ നിന്ന എന്റെ
മുന്നിലേക്ക്‌ ,
എഴുത്തുകാരന്റെ ,
ആദ്യപുസ്തകത്തിന്റെ
ഒന്നുരണ്ടു
പഴംകെട്ടുകളെറിഞ്ഞു കൊണ്ട്
പുസ്തകശാലക്കാരന്റെ മൊഴി:
ചിതല്‍ വരാറായിരിക്കുന്നു.
ഒക്കെ കെട്ടിക്കിടപ്പാണ്.....
എനിക്ക് ,
ആശിക്കാനൊന്നുമില്ലാതായിരിക്കുന്നു!

2010, നവംബർ 15, തിങ്കളാഴ്‌ച

കോടമഞ്ഞില്‍ അയനം കാത്ത്


നിങ്ങളെ എന്ത് വിളിക്കണമെന്ന് എനിക്കിപ്പോഴും അറിയില്ല. നിങ്ങളെന്റെ സുഹൃത്താണ്, ഗുരുവാണ്, സഹോദരനാണ് എന്നൊക്കെ പറയാന്‍ എനിക്കാഗ്രഹമുണ്ടെങ്കിലും സത്യം അതൊന്നുമല്ലല്ലോ, മാഷെ. ചുരുങ്ങിയപക്ഷം നിങ്ങളെന്റെ വഴികാട്ടിയെങ്കിലുമാകണം. അതാണല്ലോ നമ്മുടെ പരാജയവും.

നിങ്ങളറിയാന്‍ വേണ്ടി ഞാനാദ്യമായി ഒരു രഹസ്യം പറയട്ടെ. ഇന്നലെ ഞാനിത്തിരി മദ്യപിച്ചിരുന്നു. ഒരിക്കല്‍, മദ്യം വെച്ചുനീട്ടിയ നിങ്ങളുടെ കൈ ഞാന്‍ തട്ടിമാറ്റി യതോര്‍ത്തു നിങ്ങളുടെ ഉള്ളു ഇപ്പോള്‍ ചിരി പതയ്ക്കുന്നുണ്ടാവും. എന്നാല്‍ ഇക്കാര്യത്തിലെങ്കിലും ഞാന്‍ അങ്ങയെ അനുകരിക്കേണ്ടേ. പക്ഷെ ഞാനത് മറന്നൂട്ടോ. കുടിച്ചെന്നേയുള്ളൂ,ചര്ദിച്ചു കളഞ്ഞു മാഷെ.

ഈ യാത്രയുടെ അറ്റം എനിക്കജ്ഞാതമാണ്. എങ്കിലും താങ്കള്‍ തെളിയിച്ച പാതയിലൂടെ നടക്കാന്‍ ഇനിക്കിഷ്ടമില്ല,ഇപ്പോഴും. നിങ്ങള്‍ പറഞ്ഞ ലക്ഷ്യമോര്‍ത്തു ഞാന്‍ വായും പൊളിച്ചിരുന്നത്‌ ഓര്മ കാണുമല്ലോ. മുന്‍പിന്‍ ചിന്തിക്കാത്ത, ജീവിതത്തിന്റെ ഉയര്ച്ചതാഴ്ചകള്‍ സ്വാധീനിക്കാത്ത എനിക്കെന്തു വ്യക്തിത്വം, മാഷെ. നിങ്ങള്‍ക്കറിയോ, കാടിനു തീ പിടിച്ച വിവരം?

ഇതൊരു കാടാണെന്നും നാമൊക്കെ കാട്ടിനകത്താണെന്നും
ഞാനൊരിക്കല്‍ പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ച താങ്കളുടെ മുഖം എന്നെ വല്ലാതെ ആകുലനാക്കിയത് താങ്കള്‍ മറന്നു കാണില്ലല്ലോ. കാറ്റില്‍ വഴി തെറ്റുമെന്ന വസ്തുത ഔചിത്യബോധം നിറഞ്ഞ ഒരു ബാലന്റെ ജല്പനമായി കണ്ടു, താങ്കള്‍.

എനിക്കിനിയും പിടികിട്ടാത്ത കഥ, താങ്കള്‍ പിടിച്ചുലച്ച ഒരു സന്ധ്യാവേളയെക്കുറിച്ചാണ്. എന്നെ ഏറെ വേദനിപ്പിച്ച നിങ്ങളുടെ ആ തമാശ (ചിരിക്കാനുള്ള തമാശ നിങ്ങള്‍ പറയാറില്ലല്ലോ) ഇതായിരുന്നു - ലോകത്തില്‍ ഏതു കണ്ണുപൊട്ടനും ഒരു പെണ്ണിനെ പ്രേമിക്കാനൊക്കും എന്ന്.

മാഷെ, നിങ്ങള്‍ക്കറിയോ കാല്പനികതയെക്കുറിച്ചുള്ള എന്റെ സത്യബോധത്തെക്കുറിച്ച് ? അതൊക്കെ ഒരുപാടു വര്‍ഷങ്ങള്‍ക്കുമുമ്പ് മണ്ണാര്‍ക്കാടന്‍ മലയടിവാരത്തിലെ റബ്ബര്‍ക്കാടുകള്ക്കിടയിലെ മഞ്ഞക്കെട്ടിടത്തിനുള്ളില്‍ കിടന്നു വീര്‍പ്പുമുട്ടി തകര്‍ന്ന വിവരം താങ്കള്‍ക്കും അറിവുള്ളതല്ലേ? എന്നിട്ടും താങ്കള്‍ ഇരുനിലമാളിക കെട്ടിടത്തിലെ വലത്തെ മുറിയിലിരുന്നു, തടിച്ച പുസ്തകങ്ങളില്‍ വലിയ കണ്ണാടിയും വെച്ച് എന്റെ ജാതകത്തിന്റെ അര്‍ത്ഥതലങ്ങള്‍ പരതുന്നു ണ്ടാവുമല്ലോ,ഇപ്പോഴും.

കാടിന് ചുറ്റും തീ എരിയുന്നുണ്ടെന്നും നമുക്ക് രക്ഷപ്പെടാമെന്നും പറഞ്ഞവേളയില്‍ താങ്കളെന്നെ
ശരിക്കും കശക്കി. ഈ ബന്ധനം തന്നെ ഒരു സുഖമാണെന്നും തീ നിന്റെ മനസ്സിലാണെന്നും വരെ പറഞ്ഞുവെച്ചു, താങ്കള്‍. ശരിയാണ്, നമ്മുടെ പരിചയത്തിന്‌ ഒരു വേനലിനപ്പുറവും ആയുസ്സുവേണമെന്നാഗ്രഹിച്ച എന്നെ താങ്കള്‍ വീണ്ടും തെറ്റിദ്ധരിച്ചു.

നിങ്ങള്‍ക്കറിയാമോ, ഗരുഡന്റെ ചിറകൊടിഞ്ഞ കഥ?

ഒരിക്കല്‍, ഞാനെന്റെ സ്വകാര്യ ദു:ഖങ്ങള്‍ പങ്കിട്ടപ്പോള്‍ താങ്കള്‍ ചിരിച്ചുകൊണ്ട് പറഞ്ഞത് ഓര്‍ക്കുന്നുണ്ടാവുമോ?
ഇല്ല, ഓര്‍ക്കാന്‍ വഴിയില്ല. താങ്കള്‍ക്ക് സമയമുണ്ടായിട്ടില്ലല്ലോ. എന്നും ധൃതിയിലായിരുന്നിട്ടും രസകരമായ ഒരു കര്‍മ്മ പദ്ധതിയെക്കുറിച്ച് എനിക്ക് വിസ്തരിച്ചുതന്നത് ഞാന്‍ പച്ചയോടെ ഓര്‍ക്കുന്നുണ്ട്.

ഒരു വെളിപാടിന്റെ വീര്യം ജ്വലിച്ചുനില്‍ക്കുന്ന നിങ്ങളുടെ ജീവചരിത്രം എനിക്ക് പ്രബന്ധവിഷയമായതും അതുകൊണ്ടാണല്ലോ.

കൂട്ടുകാരാ, ഒരിക്കലൊരാളെ പറ്റിക്കാനൊക്കും.
ചിലപ്പോള്‍ രണ്ടാമതും പറ്റിയെന്നിരിക്കും. എന്നാല്‍ എല്ലാ കാലവും ഒരേ സിദ്ധാന്തം എങ്ങിനെ വിലപ്പോവാനാണെന്റെ ഗുരോ?

താങ്കള്‍ വരികള്‍ക്കിടയിലൂടെ വായിക്കുന്ന ആളാണല്ലോ. എന്നാല്‍ , ഞാനൊരു രഹസ്യം സൂക്ഷിക്കുന്നെന്നു പറഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ച ആ തുടുത്തമുഖം എന്നെ ഇപ്പോഴും അസ്വസ്ഥനാക്കുന്നു. അന്നാദ്യമായി നിങ്ങള്‍ വരികള്‍ക്ക് മുകളിലും ചുവട്ടിലും വായിച്ചു.
എന്നിട്ടും....., ഇപ്പോഴും തടിച്ച പുസ്തകത്താളുകളില്‍ എന്റെ വ്യാഖ്യാനത്തിന്റെ പഴുതന്വേഷിച്ചു ഉറക്കം കളഞ്ഞു തല പുകയ്ക്കുകയാണല്ലോ, ഒരറ്റം കാണാന്‍! കാണില്ല, മാഷെ, കാണില്ല.

അപരിചിതമായ വഴിയിലൂടെയാണല്ലോ ഞാന്‍ യാത്രചെയ്യുന്നത്. എനിക്കെന്റേതായ ലക്‌ഷ്യം കാണുമല്ലോ. താങ്കളുടെ വഴിക്ക് ഞാന്‍ നടന്നാല്‍ ചിലപ്പോള്‍ ഞാനും താങ്കളും ഒന്നായേക്കും. അത് സൃഷ്ടിപരമായ നിലനില്‍പ്പിനും നമ്മുടെ ആന്തരിക വൈരുദ്ധ്യങ്ങള്‍ ക്കും ഒരേ മാനം സൃഷ്ടിക്കുമെന്നതിനാല്‍ ഞാന്‍ ആ വഴിക്കില്ല. ഇപ്പോള്‍ മനസ്സിലായോ, തീ കാട്ടിലേക്കും കയറിയെന്ന്!

നീ കൂട്ടിനുള്ളിലാണ് എന്നു പറഞ്ഞ ഒരു മധ്യാഹ്നം നിങ്ങളോര്‍ക്കാതിരിക്കില്ല. കാരണം, ഒരിക്കല്‍ കൂട്ടിലകപ്പെട്ട ഞാന്‍ ഏറെ പരിശ്രമിച്ചാണ് കൂടിന്റെ കമ്പി പൊട്ടിച്ചത് പുറത്തു കടന്നതെന്നും ആ ശ്രമത്തിനിടയിലാണ് ദേഹമാസകലം കീറിമുറിഞ്ഞ്‌, ചോര പൊടിഞ്ഞു ഞാന്‍ മുന്നില്‍ വന്നു നിന്നതെന്നും മറക്കാന്‍ കഴിയില്ല. കൂട്ടിലെ
ബന്ധനം ഒരു സുഖമാണ് എന്നു പറഞ്ഞു വീണ്ടും കൂട്ടിനകത്തേക്ക് തള്ളിയിട്ട്‌ വാതിലടച്ച താങ്കള്‍ അട്ടഹസിച്ചതായാണ് ഞാന്‍ ഓര്‍ക്കുന്നത്.

കഷ്ടം! ഞാനെന്ത് എന്നുപോലും ഓര്‍ക്കാനായില്ലല്ലോ.

ഞാനെന്തിന്‌, ഇതൊക്കെ ഈ യാത്രാവേളയില്‍ പറയുന്നതെന്നാവും. പറയണം മാഷെ. ഒന്നുമില്ലെങ്കിലും നിങ്ങളെന്റെ അഭ്യുദയകാംക്ഷിയാണല്ലോ. എന്റെ തകര്‍ന്ന കൂട് കത്തിയെരിയുകയാണ്. ആ തീ ആറുന്നതുവരെയെങ്കിലും ഇതൊക്കെ സഹിച്ചൂടെ?

ഒരു മഹാനഗരത്തിന്റെ വാടക ഫ്ലാറ്റില്‍ , ഇടുങ്ങിയ മുറിയിലിരുന്ന് മാര്‍ഗദര്‍ശനത്തിന്റെ വേദം പഠിപ്പിച്ച പുണ്യാളന്റെ ദിവ്യത്വമൊന്നും താങ്കള്ക്കില്ലെങ്കിലും എന്റെ ജീവിതദിശ മാറ്റിമറിച്ച ആളാണല്ലോ എന്നതില്‍ എനിക്ക് ചാരിതാര്‍ഥ്യമുണ്ട്. സമാന്തരങ്ങളാണല്ലോ നമ്മുടെ വഴികള്‍.

ഇടയ്ക്കു വല്ലപ്പോഴും ഇതൊക്കെ ഓര്‍ത്ത്‌ ഒന്നു ചിരിക്കാമല്ലോ,മാഷെ. ഇനിയൊരിക്കലും നമ്മള്‍ കാണാന്‍ ഇടവരില്ലെന്നു സമാധാനിക്കുക.

വീണ്ടും.....
ഒരു സത്യം പറയട്ടെ - ഇപ്പോള്‍ എനിക്കും തിരക്കാണ്. ഈ വണ്ടിക്കുതന്നെ പോകണമെന്നതിനാല്‍, യാത്രാമൊഴി..ബൈ ബൈ...

2010, നവംബർ 6, ശനിയാഴ്‌ച

രണ്ടാം ഭാവം

സുഖം കടമെടുക്കാന്‍
വിരുതനായ ഒരാള്‍ക്ക്
അസുഖം
ഒഴിയാബാധയായി മാറി.
സൂര്യന് പ്രണയം
പാപമല്ലാത്തതിനാല്‍
മഞ്ഞിന് മാനത്തു
പെറ്റിടേണ്ട കാര്യമില്ല, കുഞ്ഞിനെ.
'നീല'യ്ക്ക് ചാരവര്‍ണ്ണത്തിന്റെ
രണ്ടാം ഭാവമുണ്ട്
ഇടനേരങ്ങളില്‍
മിഴിപ്പെരുമകളില്‍...