2011, ഫെബ്രുവരി 26, ശനിയാഴ്‌ച

പിച്ച

പിച്ചയ്ക്കു വന്നൊരാള്‍
പിച്ചിപ്പറിച്ചെന്നെ
പച്ചയ്ക്കു തിന്നുപോയ്
ഉച്ചിക്കുടുക്കയും.

തല്ല്

ചൊല്ലുകള്‍ ചൊല്ലി
ക്കഴിഞ്ഞതില്‍പ്പിന്നെയെന്‍
പല്ലുകള്‍ തല്ലി
കൊഴിച്ചതെന്തിങ്ങനെ?

കുട

കൂനി നടക്കും
നേരത്തയാളോര്‍ത്തു:
ഒരു കുടയായ്
പിറന്നാലീ
കൂനറിയില്ലെന്നീശ്വരാ..

2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

ഇടനെഞ്ചു പൊട്ടുമ്പോള്‍

ആളൊഴിഞ്ഞ നേരംനോക്കി
കഴുകന്മാര്‍
ഇനിയും വരും.
കാഭ്രാന്തിന്റെ
വൈതാളികവേഷമിട്ട
കാപാലികന്മാര്‍
കടിച്ചുകീറാന്‍
ഇനിയും വന്നേയ്ക്കും.
അമ്മപെങ്ങന്മാരെന്നില്ലാതെ
ഇളംമാംസം മണത്ത്
അവരെത്തും.
അന്തിനേരത്ത്
ആളില്ലാപ്പാറച്ചെരുവുകളിലും
കുറ്റിക്കാടുകളിലും
വേട്ടപ്പട്ടികള്‍
കശാപ്പിനൊരുങ്ങുമ്പോള്‍
ഫീനിക്സ് പക്ഷിയെപ്പോലെ
ചാരത്തില്‍ നിന്നെണീറ്റെത്തണം
നീ.
ആ വെറിക്കണ്ണിലൊഴിയ്ക്കാന്‍
ഇത്തിരി ആസിഡെങ്കിലും
കരുതിവെച്ചുകൊണ്ട്.
പേപിടിച്ച നരഭോജികളുടെ
ശരീരം കീറിവരയാന്‍
മൂര്‍ച്ചയുള്ള
ഒരു ബ്ലേഡെങ്കിലും
സൂക്ഷിച്ചുവെച്ചുകൊണ്ട്.
ആര്‍ത്തിപൂണ്ട
ആസക്തിയുടെ
കടമ്പരിഞ്ഞെടുക്കാന്‍
പാകത്തില്‍.
അതെങ്കിലും
ചെയ്തേപറ്റൂ.

മോളെ, നീ
നൊന്തുപിടഞ്ഞനേരത്തെ
അഗ്നി കെടുത്താതെ വെയ്ക്കുക.
നമുക്ക് പൊറുക്കാതിരിക്കാന്‍.
മറക്കാതിരിക്കാന്‍.
ഓര്‍ക്കുക,
അരമനയില്‍
അന്തിയുറങ്ങുന്നവര്‍ക്കാണ്
കാവല്പ്പട
എന്നും...

എപ്പോഴും....!


---------------------------------
*സൌമ്യമോള്‍ക്ക്.