2012, ജൂലൈ 9, തിങ്കളാഴ്‌ച

കനല്‍

വേട്ടക്കാരന്റെ മനസ്സിലെപ്പോഴും
ഇരയുടെ മുഖമുണ്ടായിരിക്കും

വേട്ട കഴിഞ്ഞാല്‍
പിന്നെ ഊഴം ഇരയുടേത്.

സംഹാരത്തിന്റെ
അണയാത്ത കനലുംപേറി
ഇര വേട്ടക്കിറങ്ങും പിന്നെ.

അകവും പുറവും പൊള്ളിച്ച്
നോവിന്‍ ചിറകുകള്‍
ചിതപ്പുറത്തെത്തുമ്പോഴേ
ഇരയടങ്ങൂ .....

ഹെല്‍ മെറ്റിനകത്തെ ചിരി

ഹെല്‍ മെറ്റിനകത്തിരുന്നാണ്
അയാള്‍ ചിരിച്ചത്.
അവള്‍ പതറുകയും
വിളറുകയും ചെയ്തു.
ഈശ്വരാ...
പരിചയമില്ലാത്ത
ആരെങ്കിലും
പറ്റിയ്ക്കാന്‍. ...!
പരിചയമുള്ള ആളെന്ന്
പിന്നീടറിഞ്ഞു.
അതില്‍ പിന്നെ
ഹെല്‍ മെറ്റിനകത്ത്
ചിരികണ്ടാല്‍
അവള്‍ 'ഹായ് '
എന്ന് വിഷ് ചെയ്യും.
ആ ചിരി
ഒരു
വാരിക്കുഴിയാവും വരെ.
ഒരിയ്ക്കല്‍
'അയാള്‍ ' അവളെ
ചിരിച്ചു കുഴിയിലാക്കി.
തുടര്‍ന്നാണല്ലോ
എല്ലാ
ഹെല്‍ മെറ്റ് ചിരികളിലും
അവള്‍ വസന്തം
വിരിയിച്ചെടുത്തത്....

മരണം

ജീവനേ ഇല്ലാത്തൊരാള്‍
മരിക്കുമോ ചൊല്ലെടോ..!

കാലം


പുഴ കണക്കെ
ഉരുകിയൊലിച്ച
മിഴിനീരില്‍‍ കിടന്നു
സ്വയം സ്ഫുടം
ചെയ്തെടുക്കവേ
ഞാനോര്‍‍ത്തുപോയി.
എനിക്കുമുണ്ടായിരുന്നൊരു
കനിഞ്ഞകാലം.
നിനക്കുമുണ്ടായിരുന്നൊരു
കുനിഞ്ഞകാലം...!

മാറ്റം

തിരികെ കിട്ടാത്ത സ്നേഹം
ഒരു വിങ്ങലായപ്പോള്‍
നീ പറഞ്ഞു:
നാം സ്നേഹിക്കുന്നതിനേക്കാള്‍
നമ്മെ സ്നേഹിക്കുന്നതിനാണ്
പ്രാധാന്യം.

എന്നോട്  താല്പര്യമില്ലാതിരുന്ന
നിന്നെ ഞാനും
നിന്നോട്  താല്‍പര്യമുണ്ടാവാന്‍
നീ മറ്റൊരാളെയും
പ്രണയിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ സ്നേഹാര്‍ഥനയുടെ
വൃദ്ധിക്ഷയം വന്ന ഭൌതികാവസ്ഥ
പങ്കിടാന്‍
ക്ഷണിച്ചതോടെ
നിനക്ക്  ഞാന്‍ 
'അന്യഗ്രഹ' ജീവിയായി.

അതോടെ
എന്റെ അക്ഷരങ്ങള്‍ക്കും
അര്‍ബുദം ബാധിച്ചു...