2013 ഒക്‌ടോബർ 8, ചൊവ്വാഴ്ച

2012 ജൂലൈ 9, തിങ്കളാഴ്‌ച

കനല്‍

വേട്ടക്കാരന്റെ മനസ്സിലെപ്പോഴും
ഇരയുടെ മുഖമുണ്ടായിരിക്കും

വേട്ട കഴിഞ്ഞാല്‍
പിന്നെ ഊഴം ഇരയുടേത്.

സംഹാരത്തിന്റെ
അണയാത്ത കനലുംപേറി
ഇര വേട്ടക്കിറങ്ങും പിന്നെ.

അകവും പുറവും പൊള്ളിച്ച്
നോവിന്‍ ചിറകുകള്‍
ചിതപ്പുറത്തെത്തുമ്പോഴേ
ഇരയടങ്ങൂ .....

ഹെല്‍ മെറ്റിനകത്തെ ചിരി

ഹെല്‍ മെറ്റിനകത്തിരുന്നാണ്
അയാള്‍ ചിരിച്ചത്.
അവള്‍ പതറുകയും
വിളറുകയും ചെയ്തു.
ഈശ്വരാ...
പരിചയമില്ലാത്ത
ആരെങ്കിലും
പറ്റിയ്ക്കാന്‍. ...!
പരിചയമുള്ള ആളെന്ന്
പിന്നീടറിഞ്ഞു.
അതില്‍ പിന്നെ
ഹെല്‍ മെറ്റിനകത്ത്
ചിരികണ്ടാല്‍
അവള്‍ 'ഹായ് '
എന്ന് വിഷ് ചെയ്യും.
ആ ചിരി
ഒരു
വാരിക്കുഴിയാവും വരെ.
ഒരിയ്ക്കല്‍
'അയാള്‍ ' അവളെ
ചിരിച്ചു കുഴിയിലാക്കി.
തുടര്‍ന്നാണല്ലോ
എല്ലാ
ഹെല്‍ മെറ്റ് ചിരികളിലും
അവള്‍ വസന്തം
വിരിയിച്ചെടുത്തത്....

മരണം

ജീവനേ ഇല്ലാത്തൊരാള്‍
മരിക്കുമോ ചൊല്ലെടോ..!

കാലം


പുഴ കണക്കെ
ഉരുകിയൊലിച്ച
മിഴിനീരില്‍‍ കിടന്നു
സ്വയം സ്ഫുടം
ചെയ്തെടുക്കവേ
ഞാനോര്‍‍ത്തുപോയി.
എനിക്കുമുണ്ടായിരുന്നൊരു
കനിഞ്ഞകാലം.
നിനക്കുമുണ്ടായിരുന്നൊരു
കുനിഞ്ഞകാലം...!

മാറ്റം

തിരികെ കിട്ടാത്ത സ്നേഹം
ഒരു വിങ്ങലായപ്പോള്‍
നീ പറഞ്ഞു:
നാം സ്നേഹിക്കുന്നതിനേക്കാള്‍
നമ്മെ സ്നേഹിക്കുന്നതിനാണ്
പ്രാധാന്യം.

എന്നോട്  താല്പര്യമില്ലാതിരുന്ന
നിന്നെ ഞാനും
നിന്നോട്  താല്‍പര്യമുണ്ടാവാന്‍
നീ മറ്റൊരാളെയും
പ്രണയിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ സ്നേഹാര്‍ഥനയുടെ
വൃദ്ധിക്ഷയം വന്ന ഭൌതികാവസ്ഥ
പങ്കിടാന്‍
ക്ഷണിച്ചതോടെ
നിനക്ക്  ഞാന്‍ 
'അന്യഗ്രഹ' ജീവിയായി.

അതോടെ
എന്റെ അക്ഷരങ്ങള്‍ക്കും
അര്‍ബുദം ബാധിച്ചു...

2011 ഡിസംബർ 24, ശനിയാഴ്‌ച

സമതലങ്ങള്‍ ഉണ്ടാവുന്നത്

''കയറ്റം വയ്യെനിയ്ക്ക് ''
എന്നുരച്ചൊരാളുണ്ട്
''ഇറക്കവും വയ്യെന്ന് ''!
അതെന്തെന്റെയീശ്വരാ..!

വേള

ഇത്തിരി
നേരമതില്
ഇത്തിരി
നോവും
ചിരിയുമായ്
മറയുന്നിതാ നാം
നാളെ
ആരാരില്ലെന്നാര്ക്കറിയാം?
എന്നാകിലും
വേള
കൊത്തിക്കീറുവോരെത്ര
കുന്നായ്മകൂടുവോരെത്ര.....!
ഓര്ത്തിരിയ്ക്കാം
ഇത്തരി മാത്ര
അതമൃതാകിലും
അറുതിയാകിലും. !

പൂജ്യം

ഒന്നിനോടൊന്നു ചേര്ന്നാല് പൂജ്യന്

ഒന്നില്നിന്നൊന്നു ചോര്ന്നാല് പൂജ്യം!

മറ

നിഴലൊരു
ല്ലൊരു
കൂട്ടല്ലൊരു
കൂടല്ലൊരു

കുമിള

മാത്രം

വികൃതി

അറിയില്ലൊന്നുമീ
അവനിതന്
വികൃതിയും
ആരാര്ക്കു
മോക്ഷമെന്നാരു
ചൊല്ലാന്.?

ജനിതകം

ഓരോ ദിനാദ്യങ്ങളും
എന്നെ
ഓര്മ്മപ്പെടുത്താറുണ്ട്
ആത്മസമര്പ്പണത്തിനു
നേരമായി
എന്ന കാര്യം.
ഇന്ന്
ആരെയും നോവിയ്ക്കാതെ
കഴിയണം എന്ന്
മനസാ
പ്രാര്ഥിച്ചുകൊണ്ടാണ്
എന്റെ ദിവസം തുടങ്ങാറ്.
അന്തിചോക്കും
നേരമാവുമ്പോള്
ആത്മസാക്ഷാത്കാരത്തിന്
പത്രാസുപറയാന്
എന്തെങ്കിലും വേണമല്ലോ.
കാലനിശ്ചയമാവാം
രാത്രിമൂക്കുമ്പോള്
അരുതാനോവുകളുടെ
ചെല്ലപ്പെട്ടിയില്
കണ്ണീരിന്റെ
കടലിരമ്പും.
ഈശ്വരാ....!
ജീവിതത്തിന്റെ
ഗണിതശാസ്ത്രത്തില്
പാപത്തിന്റെ ജനിതകം
ഏതളവിലാണ് നീ
വിന്യസിയ്ക്കാറ് ..?

2011 ജൂലൈ 27, ബുധനാഴ്‌ച

തിരുത്തുംനേരം

തിരുത്തുമ്പോഴേ
എന്തും നന്നാവൂ.
അതിനാല്‍
നിന്റെ പിഴ
ഞാന്‍ ചൂണ്ടാം.
നിന്റെ വായന
എഴുത്ത്
ചിന്ത
ഒക്കെ മോശം.
വിവരക്കേട്.
അബദ്ധജടിലം.
ഇനിയെങ്കിലും
ഞാന്‍ പറയുമ്പോലെ
കേള്‍ക്കുക.
കുറ്റം മനസ്സിലാക്കി തരുമ്പോള്‍
തൂവല്‍ സ്പര്‍ശത്തിന്റെ
സുഖമുണ്ടാവില്ല
എന്നറിയുക.
തീമഴയാവും ചിലപ്പോള്‍.
നിനക്ക്
സഹിഷ്ണുത തീരെ ഇല്ല
ആ നേരത്ത്.
ഒരേ ഒരു കാര്യം
നീ ഓര്‍ത്താല്‍ മതി.
ഇതൊന്നും
എനിയ്ക്ക് ബാധകമല്ല.
ഞാന്‍
ദേവേന്ദ്രനും ഗജേന്ദ്രനും.
എന്റെ കയ്യിലെ ചൂണ്ടുവിരല്‍
നിനക്ക് നേര്‍ക്ക്‌ മാത്രമായിരിയ്ക്കാന്‍
മറ്റു വിരലുകള്‍
ഞാന്‍ ചുരണ്ടി മാറ്റിയിട്ടുണ്ട്....


2011 ഏപ്രിൽ 25, തിങ്കളാഴ്‌ച

ഉപദേശം



വഴിയില്‍ വെളിച്ച്ചമില്ലാതാവുമ്പോള്‍
മിഴിയില്‍ മൌനം മൂടിനില്‍ക്കുമ്പോള്‍
മൊഴിയില്‍ സംഗീതമില്ലാതാവുമ്പോള്‍
വരയില്‍ നിറമില്ലാതാവുമ്പോള്‍
വരിയില്‍
സര്‍ഗ്ഗ
സഞ്ചാരമില്ലാതാവുമ്പോള്‍
പെരുമാറ്റത്തില്‍ നീതിയില്ലാതാവുമ്പോള്‍
സ്വയം ഒന്നുമല്ലാതാവുമ്പോള്‍

ഉറപ്പിയ്ക്കാം....
മരിയ്ക്കാന്‍ കാലമായെന്നും
അമാന്തം വേണ്ടെന്നും.




2011 ഏപ്രിൽ 3, ഞായറാഴ്‌ച

ചെറിയപാടം മൂസ്സാക്കയുടെ ബസ്സ്‌ യാത്രകള്‍

ഒരു യാത്രാരസം പങ്കുവെയ്ക്കാം ഇവിടെ.

താനാളൂരില്‍ നിന്നും
ഉള്ളിലേയ്ക്ക് 'പകര' വഴി
കുട്ടിബസ്സുകളുണ്ട് യാത്രയ്ക്ക്.

തിരക്കോട് തിരക്ക്.
ഉള്ളില്‍ കയറിപ്പറ്റാന്‍ നല്ല പാട്.

ഒഴൂര്‍ ഭാഗത്തുനിന്നും
തിരിഞ്ഞു താഴെ
ഒരു വളവിലാണ് മൂസ്സക്കയുടെ സ്റ്റോപ്പ്‌ .

തിരക്കിനിടയില്‍ കിളി ഇന്റര്‍വ്യൂ നടത്തും:

" ഇങ്ങളെങ്ങുട്ടാ കാക്ക്വോ ? "


#" ഞാന്‍ ബസ്സിന്റവ്ത്തുക്കാ ണ്ണ്യോ ."

മൂസ്സാക്ക ചിരിച്ചോണ്ടു പറയും .

തിരക്കി, വിങ്ങിപ്പൊട്ടുന്ന ബസ്സില്‍
കൂട്ടച്ചിരിയാവും.
പിന്നെ
ചോദ്യമില്ലാതെ കിളി ബെല്ലടിയ്ക്കും.

മൂസ്സാക്ക സ്ഥലം പറയും - ചെമ്മാട്.. ...!


-----------------------------------------------------
#ബസ്സിന്റെ അകത്തേയ്ക്കാണ് ഉണ്ണീ.

2011 മാർച്ച് 14, തിങ്കളാഴ്‌ച

കേമന്റെ നോവുകള്‍

കേമന്‍

സൂത്രങ്ങളൊന്നും
ഫലിയ്ക്കായ്കയായതില്‍
സൂക്തങ്ങള്‍ ചൊല്ലിഞാന്‍
കേമനായ് ഞെളിഞ്ഞിതാ ..


നോവുകള്‍

ആരാന്റെ നോവുകള്‍ ക്കാശ്വാസമേകിലും
ആരെന്റെ നോവുകള്‍
തീര്‍ക്കുമെന്നീശ്വരാ...

2011 മാർച്ച് 12, ശനിയാഴ്‌ച

അടയാളം

ഇന്നീ, ഉഷസ്സിലും
മദ്ധ്യാഹ്നശേഷം
സായന്തനത്തിലും
രാവിലും, പിന്നെ
പിറന്നിടുംപുലരിയിലും
ജീവനുണ്ടെന്ന-
ടയാളപ്പെടുത്തുക നാം...!

എത്രനേരമെന്നാര്‍ക്കറിയാം ....

സുഖമോയെന്നുചോദിപ്പതില്ല ഞാന്‍
എങ്കിലുമിടയ്ക്കൊന്നു കാണുവാന്‍
മടിയെന്തുസുഹൃത്തെ
മടുത്തുവോ എന്നെ,
അല്ലെങ്കിലെന്തുണ്ടു ഹേതു
ഈ വഴിത്താരയിലൊന്നു നില്ക്കാന്‍
എന്തെങ്കിലുമൊരുവാക്കു മിണ്ടുവാന്‍
എത്രകാലമി.താര്‍ക്കെത്രനേര-
മെന്നാര്‍ക്കറിയാം സഖേ...!

രാവൊഴിയുമിനിയും

ഇരുണ്ടൊരീരാവൊഴിയുമിനിയും

വരുമൊരുസൂര്യനങ്ങനെ,

യൊരുനാള്‍

ഉദയംകാണാതൊടുങ്ങുമീ

പ്രതീക്ഷയും...