2010 ഒക്‌ടോബർ 7, വ്യാഴാഴ്‌ച

ആവര്‍ത്തനം

ഭയമായിരുന്നന്നച്ഛനെ,
എന്നാല്‍
ഇന്നച്ഛനു ഭയമാണീ പുത്രനെ!
പൊറുക്കാതിരിക്കണമീ
താതനെ,
ഈ കാലമൊഴുകു,
മൊരുമാതിരി.
മറക്കാതിരിക്കണം
മകനേ, നീ.
നിന്നെ
പേടിച്ചിടും നിന്നോമന.
പിന്നവന്‍
നിനക്കൊരു പേടിയായ് മാറിടും-
നേരത്തറിയണം
അതിന്‍ വ്യഥ.
അകം നീറിപ്പിടയും കഥ.
പൊറുക്കട്ടെ ഈശ്വരന്‍,
അല്ലേ, എന്നുണ്ണീ..!

കാഴ്ച മങ്ങും നേരം

ചാവിന്നു മുമ്പൊന്നു കണ്‍നോക്കിടാത്തോരാള്‍
*കണ്നോക്ക് കാണുവാന്‍ വന്നിതാദ്യം.
അന്ത്യംവരേക്ക്മൊന്നുമേ ചെയ്യാതെ
മരിപ്പതു കാണുവാന്‍ വയ്യോരാള്‍ക്ക്.
ഒഴിവൊട്ടുമില്ലാത്തോരാള്‍വന്നു ചൊല്ലി
ശേഷക്രിയ,യത് കേമമാക്ക.
ഓര്‍ത്തുപോയ് ഈയാളാ പാവമാം തള്ളയെ
വയ്യാത്ത കാലത്ത് വിസ്മരിച്ചോന്‍.
കടമകള്‍ ചെയ്യേണ്ട കാലത്തിലൊന്നും
കണ്മഷിയിട്ടാലും കണ്ടിടാത്തോന്‍ .
ഇങ്ങനെ ഈ വിധം കാണ്മുനാം ചുറ്റിലും
ഇവിടന്നു പോകുന്ന നാള്‍ വരേയ്ക്കും...!


*മരണാനന്തരം ദു:ഖം കാണാന്‍ പോവുന്ന ഒരു നാട്ടാചാരമുണ്ട്.

2010 സെപ്റ്റംബർ 21, ചൊവ്വാഴ്ച

താന്‍

തന്നോളം പോന്നാല്‍
താനെന്നേ വിളിക്കാവൂ
അതിനാല്‍
'താനെ'ന്നേ വിളിക്കൂ
മകനീ അച്ഛനെ.!

കാത്തുനില്പ്

വരില്ലവളെന്നു
റപ്പാണയാള്‍ക്ക്,
എങ്കിലും
ഒരു വേള
എങ്ങാന്‍
വന്നെങ്കിലോ?

തികഞ്ഞവന്‍

'കാണില്ലയിങ്ങനെ
എട്ടനെപ്പോലൊരാള്‍
എല്ലാം തികഞ്ഞവന്‍
വിശ്വം നിറഞ്ഞവന്‍'
എന്നെന്‍റെ പെങ്ങള്‍
മേനി പുലമ്പവേ
ഞാനൂറി ചിരിച്ചെന്‍റെ
പാപക്കിടക്കയില്‍..

ശൂന്യം

ഒന്നാകെ കൈവന്നു
ചേര്‍ന്നിടും നേരത്തു-
മൊന്നുമേയില്ലാതെ
പോയതെന്തീശ്വരാ..

2010 സെപ്റ്റംബർ 14, ചൊവ്വാഴ്ച

ഒഴിവ്

ലീവെടുത്തതാണവര്‍
തിരക്കൊഴിഞ്ഞൊരു
നാലുനാളിനായ്
ചൂലെടുത്തുനിന്നവര്‍
വഴക്കൊഴിഞ്ഞിടാന്‍
നാളുനാലു തീര്‍ന്നിടാന്‍ ..!