2010 ജൂലൈ 29, വ്യാഴാഴ്‌ച

നേര്‍വഴി

നേര്‍വഴി നടക്കുവാന്‍
നേരവും നോക്കിഞാന്‍
നേരിനെ വിട്ടെന്നും
യാത്രയായി... !

കബന്ധങ്ങള്‍

നരജന്മത്തിന്‍റെ
നാനാര്‍ഥങ്ങള്‍
പരതുമ്പോഴാണ്‌
ശരീരത്തിന്‍റെ
വിപരീത സാധ്യതകളെക്കുറിച്ചു
ചികഞ്ഞത്.
തല കയ്യായും
കൈ തലയായും
പാദങ്ങള്‍
ഇതരാംഗങ്ങളായുമൊക്കെ
ചേര്‍ത്തു വെക്കുമ്പോഴേ
ജനിതകോര്‍ജ്ജം
പരിപാലിക്കപ്പെടൂ
എന്ന വെളിപാടുണ്ടായതും
തുടര്‍ന്ന്
കബന്ധങ്ങളുടെ
ജീവപഥം
തുറക്കാനായതും.
അമീബ
ഏകകോശ ജീവിയായിരിക്കും
കാലത്തോളം
അംഗപ്രത്യംഗം
ചേതന മുറ്റുമെന്നുറപ്പ്.
എന്തെന്നാല്‍
രാസമാറ്റം
ആത്യന്തികമായി
തലച്ചോറിനെയാണ്
ബാധിക്കുക
എന്ന തിരിച്ചറിവ്.

ശക്തി

സത്യം പറഞ്ഞിടാന്‍
ശക്തിക്കു കേണുഞാന്‍
സത്യമേ ചൊല്ലാതെ
ശക്തനായ് തീര്‍ന്നുപോയ്...!

2010 ജൂലൈ 28, ബുധനാഴ്‌ച

2010 ജൂലൈ 23, വെള്ളിയാഴ്‌ച

പുസ്തകം

ഒരിക്കല്‍
ഷെല്‍ഫിലെ
പുസ്തകക്കൂട്ടത്തില്‍
നിന്നൊരാള്‍
ചോദിച്ചു,
എന്നെ വായിക്കാത്തതെന്ത്... ?
കൌതുകം വായനയില്‍
മരവിച്ച നേരത്ത്
പുസ്തകത്തിന്
എന്‍റെ രൂപം...!
തുറിച്ച കണ്ണും
തുരുമ്പിച്ച
ദേഹവുമായങ്ങനെ...

ചാന്ത്

പെരുമാറ്റസൂത്രങ്ങളിലേറ്റവും
കേമം
ധന്യനായിരിയ്ക്കുക
എന്നതത്രേ..
'ധന്യ'നെ ധനികനെന്നേ
പറയൂ..
ഒരു നല്ല സമ്പന്നനേ
നല്ല സ്നേഹം
വാങ്ങാന്‍ കിട്ടൂ...
പണയവസ്തുക്കളുടെ
വൈവിധ്യമാര്‍ന്ന
നിരകളുച്ചത്തിലാര്‍ത്തു
വിളിയ്ക്കും-
നല്ലയാള്‍,
നല്ലമനുഷ്യന്‍..
സ്നേഹം വിറ്റാല്‍
പോകാത്ത കാലത്ത്
ചോര വില്‍ക്കാം
നമുക്ക്...
ചാന്തിനെങ്കിലും
പറ്റുമത്... !