2011, ജൂലൈ 27, ബുധനാഴ്‌ച

തിരുത്തുംനേരം

തിരുത്തുമ്പോഴേ
എന്തും നന്നാവൂ.
അതിനാല്‍
നിന്റെ പിഴ
ഞാന്‍ ചൂണ്ടാം.
നിന്റെ വായന
എഴുത്ത്
ചിന്ത
ഒക്കെ മോശം.
വിവരക്കേട്.
അബദ്ധജടിലം.
ഇനിയെങ്കിലും
ഞാന്‍ പറയുമ്പോലെ
കേള്‍ക്കുക.
കുറ്റം മനസ്സിലാക്കി തരുമ്പോള്‍
തൂവല്‍ സ്പര്‍ശത്തിന്റെ
സുഖമുണ്ടാവില്ല
എന്നറിയുക.
തീമഴയാവും ചിലപ്പോള്‍.
നിനക്ക്
സഹിഷ്ണുത തീരെ ഇല്ല
ആ നേരത്ത്.
ഒരേ ഒരു കാര്യം
നീ ഓര്‍ത്താല്‍ മതി.
ഇതൊന്നും
എനിയ്ക്ക് ബാധകമല്ല.
ഞാന്‍
ദേവേന്ദ്രനും ഗജേന്ദ്രനും.
എന്റെ കയ്യിലെ ചൂണ്ടുവിരല്‍
നിനക്ക് നേര്‍ക്ക്‌ മാത്രമായിരിയ്ക്കാന്‍
മറ്റു വിരലുകള്‍
ഞാന്‍ ചുരണ്ടി മാറ്റിയിട്ടുണ്ട്....