2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

കൈവരികള്‍ തകരുമ്പോള്‍

ഇരുട്ട് മൂടിയ വഴികളില്‍
നിലാവ് ഉതിര്‍ന്നു വീഴുന്ന വിശേഷമാണ്
സൌഹൃദമെന്നു താങ്കള്‍.
ആപേക്ഷികമായെങ്കിലും
ഒരു ബന്ധം
കിനാവിന്റെ പൊരുളായി മാറിയതും
പിന്നീടെപ്പോഴോ സമൃതിപഥത്തില്‍
ഒരു നാവേറ് പോലെ
വള്ളുവനാടന്‍ വിരുന്നിന്റെ
നേര്‍ ച്ചേദമായതും
അനുഷക്തമായ വിയോജിപ്പിന്റെ
സ്പന്ദനം.
എന്നെ സദാ പുറകോട്ടു വലിച്ചത്
ഔചിത്യ ബോധത്തിന്റെ പഴയ
കണക്കുപുസ്തകത്തില്‍
ഒരു പിലാത്തോസിനും
വഴിമാറിക്കൊടുക്കാത്ത
താങ്കളുടെ ധാര്‍ഷ്ട്യം.
അതിനെ ധീരമെന്നുച്ചരിക്കാന്‍
പോലും
ഞാന്‍ മറന്നത് അതിശയം കൊണ്ട്.
വിഭജനത്തിന്റെ വേദം
സ്നേഹം മുറിച്ചുമാറ്റലാണെന്ന്
കടല്‍ കടന്നെത്തിയവര്‍
പണ്ടേ മൊഴിഞ്ഞു.
കൂട്ടുകാരാ,
താങ്കള്‍ എനിക്ക് പ്രിയപ്പെടുന്ന
ബിന്ദു ഇതാണ്.
ഇപ്പോള്‍ എനിക്ക്
ഒറ്റുകാരന്റെ മുഖമില്ല.
ഹൃദയത്തില്‍ ഈശ്വരന്‍
മറന്നു വെച്ച ഇഷ്ടം മാത്രം.
ഒരു രഹസ്യം കൂടി-
എന്നില്‍ ഒരു പിന്തിരിപ്പനുണ്ട്.
വിപ്ലവം ചര്‍ദ്ദിച്ചു നടന്ന
പഴയ നാളുകളില്‍
ഉടമയും അടിമയും ഭാഗം വെച്ചു
പിരിഞ്ഞ അനിവാര്യതയില്‍
ഒരാത്മഹത്യാക്കുറിപ്പ്‌ എഴുതിവെച്ചിരുന്നു ഞാന്‍.
അതിനാല്‍ ഒരു വേള
താങ്കള്ക്കിനിയും
ഒരു ശവദാഹത്തിനു കൂടി
സാക്ഷിയാവാം.
സമാധാനിക്കുക,
ചിന്ത ഇപ്പോഴും
ഒരു പണയ വസ്തുവാണ്.

(എന്റെ പ്രഥമ കവിതാസമാഹാരത്തില്‍നിന്ന് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ